കേരളത്തിന്റെ ചരിത്രം, അടുത്തകാലംവരെ സുഗന്ധവ്യഞ്ജന കയറ്റുമതിക്കു ചുറ്റുമായി തിരിഞ്ഞു കൊണ്ടിരുന്ന അതിന്റെ വാണിജ്യവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ സുഗന്ധവ്യഞ്ജനതീരം എന്ന് കീര്‍ത്തികേട്ട കേരളം ഗ്രീക്കുകാര്‍, റോമാക്കാര്‍, അറബികള്‍, ചൈനാക്കാര്‍, പോര്‍ട്ടുഗീസുകാര്‍, ഡച്ചുകാര്‍, ഫ്രഞ്ചുകാര്‍, ബ്രിട്ടീഷുകാര്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ആതിഥ്യമരുളി. വാസ്തുവിദ്യ, ഭക്ഷണശൈലി, സാഹിത്യം തുടങ്ങിയ വിവിധമേഖലകളില്‍ ഈ സഞ്ചാരികള്‍ തങ്ങളുടേതായ മുദ്രകള്‍ ഇവിടെ അവശേഷിപ്പിക്കുകയും ചെയ്തു.
കേരളം എന്ന വാക്ക് എവിടെ നിന്നുണ്ടായി എന്നതിനെപ്പറ്റി പണ്ഡിതന്മാര്‍ പലതരം വാദങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. കേരളത്തിന്റെ പേരിനെപ്പറ്റി അഭിപ്രായയൈക്യമില്ലെങ്കിലും 'ചേര്‍' (കര, ചെളി...) 'അളം' (പ്രദേശം) എന്നീ വാക്കുകള്‍ ചേര്‍ന്നാണ് 'കേരളം' ഉണ്ടായതെന്ന വാദമാണ് പൊതുവെ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. കടലില്‍ നിന്നുണ്ടായ ഭൂപ്രദേശമെന്നും പര്‍വതവും കടലും തമ്മില്‍ ചേരുന്ന പ്രദേശമെന്നുമുള്ള അര്‍ത്ഥങ്ങള്‍ ഈ വാക്കുകള്‍ സൂചിപ്പിക്കുന്ന. പ്രാചീന വിദേശ സഞ്ചാരികള്‍ കേരളത്തെ 'മലബാര്‍' എന്നും വിളിച്ചിട്ടുണ്ട്.
ആയിരക്കണക്കിനു വര്‍ഷം മുമ്പു തന്നെ കേരളത്തില്‍ മനുഷ്യവാസം ആരംഭിച്ചിരുന്നു. മലയോരങ്ങളിലാണ് ആദ്യമായി മനുഷ്യവാസം തുടങ്ങിയത്. പ്രാചീന ശിലായുഗത്തിലെ ഏതാനും അവശിഷ്ടങ്ങള്‍ കേരളത്തിലെ ചില പ്രദേശങ്ങളില്‍ നിന്നു കിട്ടിയിട്ടുണ്ട്. ഈ പ്രാക് ചരിത്രാവശിഷ്ടങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തിലെ മനുഷ്യവാസത്തെപ്പറ്റി വിപുലമായ തെളിവുകള്‍ നല്‍കുന്നത് മഹാശിലാസ്മാരകങ്ങള്‍ (megalithic monuments) ആണ്. ശവപ്പറമ്പുകളാണ് മിക്ക മഹാശിലാസ്മാരകങ്ങളും. കുടക്കല്ല്, തൊപ്പിക്കല്ല്, കന്മേശ, മുനിയറ, നന്നങ്ങാടി തുടങ്ങിയ വിവിധതരം മഹാശിലാ ശവക്കല്ലറകള്‍ കണ്ടെടുത്തിട്ടുണ്ട്. ബി. സി. 500 - എ.ഡി. 300 കാലമാണ് ഇവയുടേതെന്നു കരുതുന്നു. മലമ്പ്രദേശങ്ങളില്‍ നിന്നാണ് മഹാശിലാവശിഷ്ടങ്ങള്‍ ഏറിയപങ്കും കിട്ടിയിട്ടുള്ളത് എന്നതില്‍ നിന്നും ആദിമ ജനവാസമേഖലകളും അവിടെയായിരുന്നുവെന്നു മനസ്സിലാക്കാം.
കേരളത്തിലെ ആവാസകേന്ദ്രങ്ങള്‍ വികസിച്ചതിന്റെ അടുത്തഘട്ടം സംഘകാലമാണ്. പ്രാചീന തമിഴ് സാഹിത്യകൃതികള്‍ ഉണ്ടായ കാലമാണിത്. സംഘകാലമായ എ.ഡി. മൂന്നാം നൂറ്റാണ്ടു മുതല്‍ എട്ടാം നൂറ്റാണ്ടു വരെ കേരളത്തിലേക്ക് ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്ന് കുടിയേറ്റങ്ങളുണ്ടായി. ബുദ്ധ, ജൈന മതങ്ങളും ഇക്കാലത്ത് പ്രചരിച്ചു. ബ്രാഹ്മണരും കേരളത്തിലെത്തി. 64 ബ്രാഹ്മണ ഗ്രാമങ്ങള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലായി ഉയര്‍ന്നു വന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ ക്രിസ്തുമതം കേരളത്തിലെത്തിയതായി കരുതപ്പെടുന്നു. എ. ഡി. 345-ല്‍ കാനായിലെ തോമസിന്റെ നേതൃത്വത്തില്‍ പശ്ചിമേഷ്യയില്‍ നിന്ന് ഏഴു ഗോത്രങ്ങളില്‍പ്പെട്ട 400 ക്രൈസ്തവര്‍ എത്തിയതോടെ ക്രിസ്തുമതം പ്രബലമാകാന്‍ തുടങ്ങി. സമുദ്രവ്യാപാരത്തിലൂടെ അറേബ്യയുമായി ബന്ധപ്പെട്ടിരുന്ന കേരളത്തില്‍ എ. ഡി. എട്ടാം നൂറ്റാണ്ടോടെ ഇസ്‌ലാം മതവും എത്തിച്ചേര്‍ന്നു.
തമിഴകത്തിന്റെ ഭാഗമായാണ് പ്രാചീന കേരളത്തെ ചരിത്ര രചയിതാക്കള്‍ പൊതുവേ പരിഗണിക്കുന്നത്. കേരളത്തിലെ ജനങ്ങളും ഭൂപ്രകൃതിയുമായുള്ള ബന്ധവും ആവാസകേന്ദ്രങ്ങളുടെയും ഉത്പാദന സമ്പ്രദായത്തിന്റെയും ഭാഷയുടെയും വികാസവും സവിശേഷതകളും കേരളത്തിന്റെ തനതു വ്യക്തിത്വം രൂപപ്പെടാന്‍ സഹായിച്ചു. കൃഷിയിലും വിഭവങ്ങളിലുമുള്ള നിയന്ത്രണം ഇവിടെത്തന്നെ വളര്‍ന്നു വന്ന സാമൂഹികശക്തികള്‍ക്കായപ്പോള്‍ കേരളം നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന സാമൂഹിക മാറ്റങ്ങള്‍ക്കു വിധേയമായി ചെറു നാടുകളുടെയും വലിയ രാജ്യങ്ങളുടെയും സവിശേഷ സാമൂഹിക സ്ഥാപനങ്ങളുടെയും രൂപപ്പെടല്‍ ഉണ്ടായി.
സാമ്രാജ്യങ്ങളും യുദ്ധങ്ങളും ഭാഷയുടെയും സാഹിത്യത്തിന്റെയും വികാസവും വൈദേശിക ശക്തികളുടെ വരവും നീണ്ടകാലത്തെ കോളനി വാഴ്ചയും ജാതിവ്യവസ്ഥയും ചൂഷണവും വിദ്യാഭ്യാസപുരോഗതിയും ശാസ്ത്രമുന്നേറ്റവും, വ്യാപാര വളര്‍ച്ചയും സാമൂഹിക നവോത്ഥാന, ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവവുമെല്ലാം ചേര്‍ന്ന ചരിത്രമാണത്.
സൗകര്യത്തിനു വേണ്ടി കേരളത്തിന്റെ ചരിത്രത്തെ
പ്രാചീന ചരിത്രം,
മധ്യകാല ചരിത്രം,
ആധുനിക ചരിത്രം എന്നു മൂന്നായി വിഭജിക്കാം.
No comments:
Post a Comment